സായന്തനത്തിലേക്ക് സ്വാഗതം.

Tuesday, May 3, 2011

കാഴ്ച ബംഗ്ലാവിലെ കുരങ്ങന്‍

('മുത്തങ്ങ' സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയത്)

കവിത
മാമരക്കൊമ്പിലന്നൂഞ്ഞാലിലാടുവാന്‍
മാരനുമൊത്തു ഞാന്‍ പോയ നേരം
ആമരമീമരം ചാടിക്കളിച്ചുകൊണ്ട്
ആനന്ദസാഗരമാടിടുമ്പോള്‍
അകലെ നിന്നാരവം കേട്ടു കേട്ടമ്പര-
ന്നന്തിച്ചു നിന്നാനന്നേരമപ്പോള്‍
വാലറ്റു പോയതാം വേലക്കാര്‍ വന്നിട്ട്
വലയെറിഞ്ഞെന്നെ വലയിലാക്കി
എവിടേക്ക് പോകുന്നു ഞാനന്ന് ചോദിച്ചു
വാല്‍ മുറിച്ചിടാനോ *വാറ്റിടാനോ
തവളയെക്കീറി മുറിച്ചിട്ട് കീര്‍ത്തിക്കായ്
തത്വശാസ്ത്രങ്ങള്‍ രചിച്ചപോലെ
ക്ലോണിംഗ് ചെയ്തിട്ട് നൂറുനൂറായിരം
കാട്ടുകുരങ്ങനെ തീര്‍ത്തിടാനോ
അല്ല! ഞാനെത്തിയതിവിടെയോ? എന്തിന്?
തടവറ തന്നില്‍ തളച്ചിടാനായ്
സഹജീവിയൊന്നിനെപ്പോലുമേ കൊന്നില്ല
അവനുടെ സമ്പത്തെടുത്തുമില്ല
പള്ളി പൊളിക്കുവാന്‍ പോയില്ല ഞാനെങ്ങും
വെള്ളമടിച്ചു നടന്നുമില്ല
മാറാടു പോയില്ല മാരണം ചെയ്തില്ല
മാറിലെക്കച്ചയഴിച്ചുമില്ല
ജടയാല്‍ മറഞ്ഞൊരു നെറ്റിയില്‍ കുങ്കുമ-
ജാടയാല്‍ വേഷം ധരിച്ചുമില്ല.
ആലംബമില്ലാത്തൊരാദിവാസിക്കെന്നും
ആശ്രയമായി ഞാന്‍ വാണ കാലം
വാലറ്റ വേലക്കാര്‍ വന്നു വെടിവെച്ച്
അവരിലാരാളെ വധിച്ച നേരം
ആര്‍ഷഭാരതത്തിന്‍റെ 'അവ്വ'യെ ക്രൂരമായ്
ആര്‍ത്തിയില്‍ പിച്ചി തകര്‍ത്ത നേരം
കയ്യിലെക്കായകൊണ്ടീ ഞാന്‍ തുരുതുരെ
കയ്യേറ്റക്കാരെ എതിര്‍ത്തുമാത്രം
അതിനാലേ ഞാനിന്നു തടവറ പൂകേണ്ടി-
വന്നതാണല്പവും സ്തോഭമില്ല
അതിനാലെ ഞാനിന്ന് വാനര വംശത്തെ
കാഴ്ചബംഗ്ലാവിലെ ദിവ്യരാക്കി
അതിനാലെ ഞാനിന്ന് വാനരവംശത്തെ
നരജാതി വംശത്തിന്‍ മേലെയാക്കി.
---------------------------------------
* കരിങ്കുരങ്ങ് രസായനം

4 അഭിപ്രായങ്ങള്‍:

കെ.കെ.രാരിച്ചന്‍ May 4, 2011 at 6:05 PM  

അതിനാലെ ഞാനിന്ന് വാനരവംശത്തെ
നരജാതി വംശത്തിന്‍ മേലെയാക്കി.

ആറങ്ങോട്ടുകര മുഹമ്മദ്‌ May 4, 2011 at 9:39 PM  

കവിത സംശുദ്ധമായ ഒരാശയത്തെ പ്രതിനിധീകരിക്കുന്നു.അതിനെ ഊട്ടിയുറപ്പിക്കാന്‍ പറ്റിയ ഉപമകള്‍ ഉത്തമമായവ തന്നെ.കണ്മുന്നിലെ കാഴ്ചകളെയെല്ലാം മനുഷ്യക്കണ്ണ്കൊണ്ട് വിലയിരുത്തിയത് അഭിനന്ദനാര്‍ഹം തന്നെ.
ആശംസകള്‍ .

Anurag May 5, 2011 at 12:08 AM  

മനോഹരമായ വരികള്‍, മനസിനെ നൊമ്പരപ്പെടുത്തുന്നു

കെ.കെ.രാരിച്ചന്‍ May 5, 2011 at 9:09 AM  

@ ആറങ്ങോട്ടുകര മുഹമ്മദ്‌ , അനുരാഗ്
നന്ദി. ഇതുവഴി വന്നതിന്, കവിത വായിച്ച് അഭിപ്രായം പറഞ്ഞതിന്.

സ്നേഹത്തോടെ
കെ.കെ.രാരിച്ചന്‍

ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP