സായന്തനത്തിലേക്ക് സ്വാഗതം.

Thursday, April 28, 2011

പിമ്പേ പറക്കുന്ന പാദുകം

കവിത 
പാദങ്ങള്‍ രക്ഷയ്കായ് പാദുകം പണിയുന്നു
പാദങ്ങള്‍ പരിരക്ഷ പാരിതില്‍ പുലരുന്നു
കരയുന്ന പാദുകം ചിരിക്കുന്ന പാദുകം
കിലുങ്ങുന്ന കേലുന്ന മിന്നുന്ന പാദകം
കളിവീടുകെട്ടി കളിക്കുന്ന പ്രായത്തില്‍
പാളയും പലകയും കുഞ്ഞിന്റെ പാദുകം
ചെത്തിനടക്കുന്ന പ്രായത്തിലെത്തുമ്പോള്‍
ചേലില്‍ ധരിക്കുന്നു, മൊഞ്ചുള്ള പാദുകം
ധാടിയും മോടിയും ജാടയെന്നാകുമ്പോള്‍
താടിയും കുടുമയും ജപമാല ഭസ്മവും
ഉള്ളം ഉടലുമായ് താദാത്മ്യമാവുമ്പോള്‍
മെതിയടി മനസ്സിനു ചേരുന്ന പാദുകം
പാദുകം നേദിച്ച് പതിനാലു വര്‍ഷവും
പണ്ടുനാള്‍ ഭരതനയോദ്ധ്യ ഭരിച്ചില്ലേ
പാഞ്ചാലി ഗേഹത്തില്‍ പാദുകം ചിഹ്നമായ്
പാണ്ഡവര്‍ ഊഴവും കാത്തു കിടന്നില്ലേ
ബിഷപ്പിന്റെ പടിവാതില്‍ പാദുകം നേദിച്ച്
കഥയിലെ വില്ലന്‍ വിശുദ്ധനായ് തീര്‍ന്നില്ലേ
കടുവക്കിടാവിന്റെ, കുഞ്ഞുമുയലിന്റെ
ആടിന്റെ മാടിന്റെ തോലിന്റെ പാദുകം
പൂവിന്റെ ശേലുള്ള മാനിന്റെ തോല്‍ കൊണ്ട്
പൂവിതള്‍ പോലുള്ള മൃദുലമാം പാദുകം
ഭാരം വലിക്കുന്ന കാലിലും പാദകം
ഭാരം വഹിക്കുന്ന കാലിലും പാദുകം
യന്ത്രം കറക്കുന്ന കാലിലും പാദുകം
തന്ത്രം മെനയുന്ന കാലിലും പാദുകം
നാടിന്റെ നായകന്‍ കാടിന്റെ സന്തതി
നാടിനെക്കാക്കുന്ന സൈനികന്‍ കാലിലും
കപ്പിത്താന്‍ കാലിലും ശില്പിതന്‍ കാലിലും
കീടം കയറാതെ കാക്കുന്നു പാദുകം
സത്യവിരുദ്ധമായ് കഥകള്‍ മെനഞ്ഞിട്ട്
സദ്ദാമിന്‍ നാടിനെ ചുടലപ്പറമ്പാക്കി
സര്‍വ്വതും ചുട്ടുകരിച്ചോരു ബുഷിനെ
പാദുക പ്രഹരത്താല്‍ ഓടിച്ചു വിട്ടതും
ബാബറി പള്ളി പൊളിച്ചോരു പാതകം
പാദുകം പോലെ തിരിച്ചുവരുന്നേരം
കൃഷ്ണചക്രം കണക്കെന്നു കണ്ടിട്ട്
ലാല്‍കൃഷ്ണ താനേ ശിരസ്സു കുനിഞ്ഞുപോയ്
കളിയുടെ കോമണ്‍വെല്‍ത്ത് കീശയിലാക്കിയ
കല്‍മാടിക്കും കിട്ടി പാദുകപ്പെരുമഴ
പാദുകപ്പെരുമയിതു തുടരുന്നു, തുടരട്ടെ
പാതകം കൊടിക്കൂറയാക്കിന 'വീര'രേ.

2 അഭിപ്രായങ്ങള്‍:

ആറങ്ങോട്ടുകര മുഹമ്മദ്‌ April 28, 2011 at 2:13 AM  

നല്ലൊരു പാദുകചരിതം.ആശംസകള്‍ .

rarichan May 1, 2011 at 8:40 AM  

hay muhammed asemsakalkke nanni

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP