സായന്തനത്തിലേക്ക് സ്വാഗതം.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, June 18, 2011

ആവനാഴിക്കു വേദനിച്ചീടുമോ?

കട്ടു തിന്നുന്ന കുഞ്ഞെലിക്കുട്ടികള്‍
കൂട്ടമായ് വന്നു കരണ്ടു തിമിര്‍ക്കുമ്പോള്‍
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?
ചുട്ടുപൊള്ളുന്നടുപ്പിലെ കപ്പയും
ചട്ടിയില്‍ വെന്ത കൊഞ്ചും കരണ്ടുപോയ്
അട്ടിയട്ടിയായ് വെച്ചോരുറിയുടെ
അറ്റമങ്ങ് മുറിച്ചിട്ട കാരണം
പൊട്ടിയങ്ങ് ചിതറിക്കിടക്കുന്നു
പുത്തനാം ചട്ടിയെത്രയോ, കൂട്ടരേ
ചെമ്പരത്തിപ്പൂവിനെപ്പോലുള്ള
ചെന്നിയും ഹന്ത! കരണ്ടു, വികൃതമായ്
പൊന്നുപോലെ പഴുപ്പിച്ചു സൂക്ഷിച്ച
പൊന്‍നിറം പൂണ്ട പൂവനും കരണ്ടുപോയ്ു
ചെന്നിറം പൂണ്ട രണ്ടിളം ചുണ്ടുകള്‍
ചെങ്കദളിയെന്നോര്‍ത്തു കരണ്ടുപോയ്
ചുറ്റുപാടുള്ളതൊക്കെ കരളുന്ന
മൂക്കു നീണ്ടൊരു കുഞ്ഞെലിക്കുട്ടിയെ
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?

Read more...

Sunday, May 15, 2011

വാച്ച്

ശിഷ്യന്റെ കാഴ്ചക്കുറവ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്തി അന്ധതയില്‍ നിന്നും മോചനം നേടിക്കൊടുത്തതിന് പാരിതോഷികമായി നല്‍കിയ വാച്ച് വാങ്ങാന്‍ മടിച്ചു നില്‍ക്കുന്ന ഗുരുവിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്ത.
കവിത
ഒരു വാച്ചിലെന്തിരുക്കുന്നു
ചോദിച്ചൂ ചിലരെന്നോട്
സൂചിയം അക്കവും ചേര്‍ന്നാല്‍
വാച്ചെന്നായി ചിലര്‍
ഡയലും സ്വര്‍ണക്കവറും
കറങ്ങും യന്ത്രവും സ്പ്രിങ്ങും
ഒക്കെച്ചേര്‍ന്നാലേ
വാച്ചാകൂയെന്നായി ചിലര്‍
ഇവനെക്കുറിച്ചെന്തിത്ര
കേമം പറയാനെന്നും ചിലര്‍
പറയാനില്ലെന്നോ!
പറഞ്ഞാല്‍ തീരില്ലെന്നായി ഞാനും
ഭൂമിതന്‍ കറക്കം സെക്കന്റു കുറഞ്ഞെന്നും
കീഴ് മേല്‍ മറിയും കാറിന്റെ വേഗം കൂടിയെന്നും
പൊക്രാനില്‍ പൊട്ടിച്ചീ നാടിനെ
പീക്കിരി പോക്കിരിയാക്കിയ ബോംബും
ജപ്പാനെ ജയിക്കാനായി
നരനെച്ചാരക്കൂമ്പാരമാക്കിയ നേരവും
കൃത്യമായ്ക്കാട്ടീടുക ഇവനെന്നറിയുക.
സൂര്യനസ്തമിക്കാത്തൊരാ സാമ്രാജ്യത്തെ
സാത്തിക ഭാവത്താലെ നേരിട്ടതും
തമ്മില്‍ക്കുത്തിക്കീറും ഹിന്ദു-മുസ്ലീങ്ങളെ
ചേര്‍ത്തൊരു ചരടില്‍ക്കോര്‍ത്തു സമന്വയിപ്പിച്ചതും
ആരുടെ വാക്കാല്‍, നാക്കാലെന്നാലവരുടെ
അരയില്‍ത്തൂങ്ങിക്കിടപ്പതുമീക്കൊച്ചു വാച്ചത്രെ!
കുഞ്ഞിന്റെ കാഴ്ചക്കെന്തോ കുറവുണ്ടെന്ന്
കമ്പ്യൂട്ടര്‍ക്കണ്ണാലെ കണ്ടതും
കയ്യോടെ ഡോക്ടറെക്കാട്ടി
കണ്ണട വെപ്പിച്ചതും
ഇരുള്‍ പരന്നീടുമാ കണ്‍കളില്‍ തൂ-
വെളിച്ചം വീശീടാനും
കാരണമായൊരെന്‍ ടീച്ചര്‍ക്ക്
സമ്മാനിച്ചതും
നേരം കാട്ടീടുമിക്കൊച്ചു വാച്ചത്രെ!

Read more...

Wednesday, May 11, 2011

സൂര്യഗ്രഹണം

എവിടെയാണെവിടെയാണെന്റെ സൂര്യന്‍
അലകടല്‍ തന്നില്‍ തകര്‍ന്നുവീണോ
ഒരു കൊടുങ്കാറ്റില്‍ പറന്നുപോയോ
എവിടെയാണെവിടെയാണെന്റെ സൂര്യന്‍
ഒരു തിങ്കള്‍ വന്നു മറച്ചിതെന്ന്
നരലോകമൊക്കെയും പാടിടുന്നു
അറിയാത്തതൊന്നും കഥിച്ചിടല്ലേ
പൊളിയാം വചനങ്ങളോതിടല്ലേ
സൌരയൂഥത്തിന്റെ സര്‍വ്വശക്തി
തിങ്കളിന്‍ മുന്നില്‍ നമിപ്പതെന്നോ?
കൃഷ്ണചക്രത്താല്‍ മറച്ചിതെങ്കില്‍
വ്യാളിവായ്ക്കുള്ളിലകപ്പെട്ടിതെങ്കില്‍
കത്തുന്ന കാമക്കൊതിയകറ്റാന്‍
കുന്തിക്കു കാന്തനായ് വന്നുവെങ്കില്‍
കുള്ളനാം വാമനതന്‍ കെണിയില്‍
തമ്പുരാന്‍ മാവേലി വീണുവെങ്കില്‍
കൊച്ചു ക്യൂബതന്‍ മനക്കരുത്തില്‍
വമ്പനമേരിക്കക്കടി പതറിയെങ്കില്‍
സൂര്യനസ്തമിക്കാത്തൊരാ സാമ്രാജ്യ നായകന്‍
ബ്രിട്ടനെ നമ്മള്‍ തുരത്തിയെങ്കില്‍
മിന്നാമിനുങ്ങിനെയെന്ന പോലെ
കുമ്പിളിലമ്പിളി മൂടിവെച്ചു.

Read more...

Tuesday, May 3, 2011

കാഴ്ച ബംഗ്ലാവിലെ കുരങ്ങന്‍

('മുത്തങ്ങ' സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയത്)

കവിത
മാമരക്കൊമ്പിലന്നൂഞ്ഞാലിലാടുവാന്‍
മാരനുമൊത്തു ഞാന്‍ പോയ നേരം
ആമരമീമരം ചാടിക്കളിച്ചുകൊണ്ട്
ആനന്ദസാഗരമാടിടുമ്പോള്‍
അകലെ നിന്നാരവം കേട്ടു കേട്ടമ്പര-
ന്നന്തിച്ചു നിന്നാനന്നേരമപ്പോള്‍
വാലറ്റു പോയതാം വേലക്കാര്‍ വന്നിട്ട്
വലയെറിഞ്ഞെന്നെ വലയിലാക്കി
എവിടേക്ക് പോകുന്നു ഞാനന്ന് ചോദിച്ചു
വാല്‍ മുറിച്ചിടാനോ *വാറ്റിടാനോ
തവളയെക്കീറി മുറിച്ചിട്ട് കീര്‍ത്തിക്കായ്
തത്വശാസ്ത്രങ്ങള്‍ രചിച്ചപോലെ
ക്ലോണിംഗ് ചെയ്തിട്ട് നൂറുനൂറായിരം
കാട്ടുകുരങ്ങനെ തീര്‍ത്തിടാനോ
അല്ല! ഞാനെത്തിയതിവിടെയോ? എന്തിന്?
തടവറ തന്നില്‍ തളച്ചിടാനായ്
സഹജീവിയൊന്നിനെപ്പോലുമേ കൊന്നില്ല
അവനുടെ സമ്പത്തെടുത്തുമില്ല
പള്ളി പൊളിക്കുവാന്‍ പോയില്ല ഞാനെങ്ങും
വെള്ളമടിച്ചു നടന്നുമില്ല
മാറാടു പോയില്ല മാരണം ചെയ്തില്ല
മാറിലെക്കച്ചയഴിച്ചുമില്ല
ജടയാല്‍ മറഞ്ഞൊരു നെറ്റിയില്‍ കുങ്കുമ-
ജാടയാല്‍ വേഷം ധരിച്ചുമില്ല.
ആലംബമില്ലാത്തൊരാദിവാസിക്കെന്നും
ആശ്രയമായി ഞാന്‍ വാണ കാലം
വാലറ്റ വേലക്കാര്‍ വന്നു വെടിവെച്ച്
അവരിലാരാളെ വധിച്ച നേരം
ആര്‍ഷഭാരതത്തിന്‍റെ 'അവ്വ'യെ ക്രൂരമായ്
ആര്‍ത്തിയില്‍ പിച്ചി തകര്‍ത്ത നേരം
കയ്യിലെക്കായകൊണ്ടീ ഞാന്‍ തുരുതുരെ
കയ്യേറ്റക്കാരെ എതിര്‍ത്തുമാത്രം
അതിനാലേ ഞാനിന്നു തടവറ പൂകേണ്ടി-
വന്നതാണല്പവും സ്തോഭമില്ല
അതിനാലെ ഞാനിന്ന് വാനര വംശത്തെ
കാഴ്ചബംഗ്ലാവിലെ ദിവ്യരാക്കി
അതിനാലെ ഞാനിന്ന് വാനരവംശത്തെ
നരജാതി വംശത്തിന്‍ മേലെയാക്കി.
---------------------------------------
* കരിങ്കുരങ്ങ് രസായനം

Read more...

Thursday, April 28, 2011

പിമ്പേ പറക്കുന്ന പാദുകം

കവിത 
പാദങ്ങള്‍ രക്ഷയ്കായ് പാദുകം പണിയുന്നു
പാദങ്ങള്‍ പരിരക്ഷ പാരിതില്‍ പുലരുന്നു
കരയുന്ന പാദുകം ചിരിക്കുന്ന പാദുകം
കിലുങ്ങുന്ന കേലുന്ന മിന്നുന്ന പാദകം
കളിവീടുകെട്ടി കളിക്കുന്ന പ്രായത്തില്‍
പാളയും പലകയും കുഞ്ഞിന്റെ പാദുകം
ചെത്തിനടക്കുന്ന പ്രായത്തിലെത്തുമ്പോള്‍
ചേലില്‍ ധരിക്കുന്നു, മൊഞ്ചുള്ള പാദുകം
ധാടിയും മോടിയും ജാടയെന്നാകുമ്പോള്‍
താടിയും കുടുമയും ജപമാല ഭസ്മവും
ഉള്ളം ഉടലുമായ് താദാത്മ്യമാവുമ്പോള്‍
മെതിയടി മനസ്സിനു ചേരുന്ന പാദുകം
പാദുകം നേദിച്ച് പതിനാലു വര്‍ഷവും
പണ്ടുനാള്‍ ഭരതനയോദ്ധ്യ ഭരിച്ചില്ലേ
പാഞ്ചാലി ഗേഹത്തില്‍ പാദുകം ചിഹ്നമായ്
പാണ്ഡവര്‍ ഊഴവും കാത്തു കിടന്നില്ലേ
ബിഷപ്പിന്റെ പടിവാതില്‍ പാദുകം നേദിച്ച്
കഥയിലെ വില്ലന്‍ വിശുദ്ധനായ് തീര്‍ന്നില്ലേ
കടുവക്കിടാവിന്റെ, കുഞ്ഞുമുയലിന്റെ
ആടിന്റെ മാടിന്റെ തോലിന്റെ പാദുകം
പൂവിന്റെ ശേലുള്ള മാനിന്റെ തോല്‍ കൊണ്ട്
പൂവിതള്‍ പോലുള്ള മൃദുലമാം പാദുകം
ഭാരം വലിക്കുന്ന കാലിലും പാദകം
ഭാരം വഹിക്കുന്ന കാലിലും പാദുകം
യന്ത്രം കറക്കുന്ന കാലിലും പാദുകം
തന്ത്രം മെനയുന്ന കാലിലും പാദുകം
നാടിന്റെ നായകന്‍ കാടിന്റെ സന്തതി
നാടിനെക്കാക്കുന്ന സൈനികന്‍ കാലിലും
കപ്പിത്താന്‍ കാലിലും ശില്പിതന്‍ കാലിലും
കീടം കയറാതെ കാക്കുന്നു പാദുകം
സത്യവിരുദ്ധമായ് കഥകള്‍ മെനഞ്ഞിട്ട്
സദ്ദാമിന്‍ നാടിനെ ചുടലപ്പറമ്പാക്കി
സര്‍വ്വതും ചുട്ടുകരിച്ചോരു ബുഷിനെ
പാദുക പ്രഹരത്താല്‍ ഓടിച്ചു വിട്ടതും
ബാബറി പള്ളി പൊളിച്ചോരു പാതകം
പാദുകം പോലെ തിരിച്ചുവരുന്നേരം
കൃഷ്ണചക്രം കണക്കെന്നു കണ്ടിട്ട്
ലാല്‍കൃഷ്ണ താനേ ശിരസ്സു കുനിഞ്ഞുപോയ്
കളിയുടെ കോമണ്‍വെല്‍ത്ത് കീശയിലാക്കിയ
കല്‍മാടിക്കും കിട്ടി പാദുകപ്പെരുമഴ
പാദുകപ്പെരുമയിതു തുടരുന്നു, തുടരട്ടെ
പാതകം കൊടിക്കൂറയാക്കിന 'വീര'രേ.





Read more...

Friday, February 11, 2011

കുണ്ടില്‍ വീണ കുഞ്ഞെലിക്കുട്ടി

കവിത
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടീ- നിന്റെ
മന്ദഹാസം മാഞ്ഞു പോയതെന്തെലിക്കുട്ടീ
മാലാഖയായ് നടന്ന് മാളങ്ങളഞ്ചാറ്
മാറി മാറി പുല്‍കി നീയുല്ലസിച്ചീലേ
മാര്‍ജ്ജാരന്‍ വന്ന നാളില് മാറി മാറിക്കേറി നീ-
മാളങ്ങളാറിലും മറഞ്ഞിരുന്നീലേ
മഞ്ഞാണ് കുഞ്ഞാണ് ഭൂമീല് നടന്നൂടാ
'മാനം' ഇടിഞ്ഞിതാ വീണീടുന്നേ
മഞ്ഞക്കടലാസു നോക്കി കുഞ്ഞെലിക്കുട്ടി
മാളോര് കേക്കെ കരഞ്ഞിടുന്നേ
മാനം ഇടിഞ്ഞിതാ വീണീടുന്നേ
ജീവനില്‍ കൊതിയുണ്ടേല്‍ ചുറ്റിലും നില്‍ക്കണേ-
ചളിക്കുണ്ടിലേക്കെല്ലാരും വന്നീടണേ..
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടി
തൊണ്ട കീറി വിളിക്കുന്നേേ; 'മാന'മിടിയുന്നേ
കേട്ടവര്‍ കേട്ടവര്‍ കുണ്ടിന്റെ ചുറ്റിലും
കൂടി നിന്ന് പഴങ്കഥ പറഞ്ഞിടുന്നേ
പണ്ടെങ്ങാന്‍ ചുണ്ടെലി പയ്യാരം ചൊല്ലീട്ട്
കുണ്ടില്‍നിന്ന് ചാടിയ കഥ പറയുന്നേ..
അത്തരം കളികളാല്‍ കുണ്ടില്‍ നിന്ന് കേറിടാന്‍
ഇക്കാലം പറ്റൂല കുഞ്ഞെലിക്കുട്ടീ.




Read more...

Monday, January 24, 2011

വീണ്ടും ഒരു ഡിസംബര്‍

കവിത

അന്ന്,
ഞാന്‍
അഷ്നയെക്കാള്‍ ചെറുതായിരുന്നു.
ബാപ്പയുടെ വരവും കാത്ത്
ഡിസംബര്‍ ഇരുപത്തിയെട്ടിന്റെ
ഒരു തണുത്ത സായന്തനത്തില്‍
ഞാന്‍
ഉമ്മയുടെ മടിയിലിരുന്ന്
കൊഞ്ചിക്കൊണ്ടിരുന്നു
എന്നെ  പരിഹസിച്ചെന്ന വണ്ണം
ഒരു വണ്ണാത്തിപ്പുള്ള്
ചിലച്ചു കൊണ്ടിരുന്നു.
ആട്ടിയും തുപ്പിയും അതിനെപ്പായിക്കാന്‍
ഉമ്മ ശ്രമിച്ചെങ്കിലും
പുള്ളു ചിലച്ചുകൊണ്ടേയിരുന്നു.
പുള്ളു പറഞ്ഞു
ഒരു വര്‍ഷത്തിന്റെ മരണം
ഈ ഡിസംബറിലത്രേ!
ഒരു നൂറ്റാണ്ട് മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!
യുഗവും മഹായുഗവും കല്പാന്തവും
തുരു തുരാ മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!

അങ്ങ് വടക്കു വടക്ക് 
ഉത്തര ദേശത്ത് 
പൊളി പറഞ്ഞു പരത്തി
ഒരു പള്ളി പൊളിച്ചതും
ഈ ഡിസം ബറിലത്രേ .
ആ - ഹറാം പിറന്നവര്‍
നിരപരാധിയായ, എന്റെ
ബാപ്പയെ കൊല്ലാനും
കാരണം
ഈ ഡിസംബര്‍  തന്നെയാണോ?
 

Read more...

Thursday, January 20, 2011

പ്രിയ വി.കെ.

കവിത 
എന്നുമീ ഞങ്ങള്‍ക്ക്  വഴി വിളക്കായ് നിന്ന്
എങ്ങോ മറഞ്ഞു പൊലിഞ്ഞൊരു താരമേ..
എന്‍ മനക്കോണിലെ മായാത്ത ചിത്രത്തിന്‍
മുന്നില്‍ നമിക്കുന്നു ഖിന്നനായ് മാനസം
ലാളിത്യമാര്‍ന്ന നിന്‍ ജീവചൈതന്യത്തെ
മേളിച്ചു സമ്പന്നമായൊരീ നാടിന്റെ
ഉന്നതി മേല്‍ക്കുമേല്‍ കൈവരിച്ചീടുവാന്‍
വന്നു ഭവിക്കട്ടെ! നിന്‍ നറും പുഞ്ചിരി
അന്യനെ തെല്ലുമേ വേദനിപ്പിക്കാതെ
അര്‍പ്പണം ചെയ്തൊരാ ദേഹവും ദേഹിയും
ഇത്ര കടുത്തതാം പീഢനമേല്‍ക്കുവാന്‍
എന്തുണ്ട്? ന്യായവാദങ്ങള് നിരത്തുവാന്‍?
വന്ദ്യനാം ഗാന്ധി വെടിയേറ്റു വീണതും
നിന്ദിതര്‍  രക്ഷകന്‍ ക്രൂശിക്കപ്പെട്ടതും
ഓര്‍ത്തുപോയിത്തിരി നേരമെന്‍ മാനസം
ഓര്‍ത്തുപോയിത്തിരി നേരമെന്‍ ഹൃത്തടം
അത്തരമന്ത്യം ഭവിക്കുമെന്നായിടും
ഇത്തരം വ്യക്തിക്ക് എന്നുമേയൂഴിയില്‍
ഒന്നിനെപ്പോലുമേ വേദനിപ്പിക്കാത്തൊരാ
കുഞ്ഞിനെപ്പോലുള്ള നിര്‍മ്മല മാനസം
കാലനാം വണ്ടി വന്നിടിച്ചു തകര്‍ത്തെറിഞ്ഞി-
ട്ടൊന്നുമേ മിണ്ടാതെ പോയതെന്തിങ്ങനെ?
തന്നെ ഭര്‍ത്സി ച്ചീടുന്നോര്‍ക്കുനേരെയും
ഇമ്മട്ടിലല്ലയോ എന്നും പൊറുത്തതും.

Read more...

Saturday, January 15, 2011

മ്യാന്‍മാറില്‍ നിന്നൊരു ഗാന്ധി

കവിത 
ഇരുപത് വര്‍ഷങ്ങള്‍ ഇരുളില്‍ കഴിഞ്ഞു ഞാന്‍
ഇന്നൊരു ശലഭമായ് വന്നു പുറത്തു ഞാന്‍
പകല്‍ പിറക്കുന്നതോ പൂ വിരിയുന്നതോ
മഞ്ഞിന്‍ കണത്തില്‍ മഴവില്ലു വിരിഞ്ഞതോ
വെണ്‍തിങ്കള്‍, ആറിന്റെ മാറില്‍ തലചായ്ചു-തൂ
വെള്ളിയോടമായ് പാഞ്ഞു പോയീടുന്നതോ
ആമ്പല്‍ക്കുളത്തിലെ കു‍‍ഞ്ഞു കുഞ്ഞോളത്തില്‍
സുന്ദര കുദുമം കുണുങ്ങിച്ചിരിച്ചതോ
വൃക്ഷങ്ങള്‍ പൂത്തു കനിയായ് വിളഞ്ഞതോ
വര്‍ഷങ്ങളായിടു വൃഷ്ടിവര്‍ഷിക്കുന്നതോ
കാലങ്ങളായിട്ടു കാണാതെ പ്യൂപ്പയാം-
കാരിരുമ്പിനുള്ളില്‍ കഴിഞ്ഞു ഞാന്‍  കൂട്ടരെ     
ബര്‍മ്മക്കുസ്വാതന്ത്ര്യം നേടുവാനാശിച്ച്
പോര്‍ക്കളത്തിലച്ഛന്‍   പൊരുതി മരിക്കുമ്പോള്‍
പിച്ചവച്ചീടുന്ന പ്രായത്തിലന്നു ഞാന്‍
അച്ഛന്റെ സ്നേഹത്തണല്‍ കൊതിച്ചീലയോ
അമ്മയുമൊത്ത് ഞാനിന്ത്യയില്‍  വന്നതും
ഡല്ഹിയിലന്നൊരു കോളേജില്‍ ചേര്‍ന്നതും
മൈക്കിള്‍ എറീസനെ വരനായ് വരിച്ചതും
ഓര്‍മയില്‍  മങ്ങാതെ നില്പുണ്ട് കൂട്ടരെ
മക്കളില്‍ മൂത്തവന്‍  അലക്സാണ്ടറും
രണ്ടാമന്‍  കിമ്മിനെ നൊന്തുപെറ്റിട്ടതും
സൂക്കിയെന്നുള്ള വെറും പെണ്ണുമാത്രം              
രോദനം കേള്‍ക്കുന്നതകലത്തില്‍  നിന്നല്ല
ചുറ്റിലും ചുറ്റിലും പട്ടാളതാണ്ഡവം
ഓങ്ങ്സാങ്ങിന്‍  പുത്രിയാ മനസു നൊന്തു
സൂക്കിതന്‍  ചിത്തം പ്രക്ഷുബ്ധം അസ്വസ്ഥം
ദുരിതക്കയത്തില് കഴിയുന്ന ജനതതി
കാതില്‍ വിളിക്കുന്നു പോരുമോ സൂക്കി നീ.
അച്ഛന്റെയാത്മാവു പ്രേരണയായിപ്പോള്‍
മോചനപ്പോരാട്ട ഭൂമിയിലെത്തുവാന്‍
ഇല്ല, കുടുംബ സൗഖ്യത്തില്‍ മാത്രം കഴിയുവാന്‍
സോദരര്‍ നീളേയുഴലുന്ന കാണുമ്പോള്‍
പട്ടാളഭരണം അരിഞ്ഞു വീഴ്ത്തീടിന
ആയിരമായിരം സോദരര്‍ തന്നുടെ
രോദനം രോദനം എവിടെയുമെവിടെയും
അടിമത്തച്ചങ്ങല പൊട്ടിച്ചെറിയുവാന്‍
അഹിംസയും സ്നേഹവും ചേര്‍ത്തു കോര്‍ത്തീടിന
സ്വാതന്ത്ര്യപോരാട്ട സംഘം പടുത്തിതു
മ്യാന്‍മാറിന്‍ ഗാന്ധിയാം സുമുഖി സൂക്കി
വെകിളിപിടിച്ചല്ലോ പട്ടാളച്ചെറ്റയ്ക്ക്
തടവറയ്ക്കുള്ളില് തളച്ചിട്ടനന്തമായ്
ഇരുപത് വര്‍ഷമായ് ഇരുളില്‍ കഴിഞ്ഞു ഞാന്‍
ഇന്നൊരു ശലഭമായ് വന്നൂ പുറത്തുഞാന്‍
വരിക യോദ്ധാക്കളെ സ്വാതന്ത്ര്യ പുലരിക്ക്
ആഹൂതിയര്‍പ്പിച്ചും മോചനം നേടുവാന്‍.

Read more...
ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP