സായന്തനത്തിലേക്ക് സ്വാഗതം.

Saturday, June 18, 2011

ആവനാഴിക്കു വേദനിച്ചീടുമോ?

കട്ടു തിന്നുന്ന കുഞ്ഞെലിക്കുട്ടികള്‍
കൂട്ടമായ് വന്നു കരണ്ടു തിമിര്‍ക്കുമ്പോള്‍
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?
ചുട്ടുപൊള്ളുന്നടുപ്പിലെ കപ്പയും
ചട്ടിയില്‍ വെന്ത കൊഞ്ചും കരണ്ടുപോയ്
അട്ടിയട്ടിയായ് വെച്ചോരുറിയുടെ
അറ്റമങ്ങ് മുറിച്ചിട്ട കാരണം
പൊട്ടിയങ്ങ് ചിതറിക്കിടക്കുന്നു
പുത്തനാം ചട്ടിയെത്രയോ, കൂട്ടരേ
ചെമ്പരത്തിപ്പൂവിനെപ്പോലുള്ള
ചെന്നിയും ഹന്ത! കരണ്ടു, വികൃതമായ്
പൊന്നുപോലെ പഴുപ്പിച്ചു സൂക്ഷിച്ച
പൊന്‍നിറം പൂണ്ട പൂവനും കരണ്ടുപോയ്ു
ചെന്നിറം പൂണ്ട രണ്ടിളം ചുണ്ടുകള്‍
ചെങ്കദളിയെന്നോര്‍ത്തു കരണ്ടുപോയ്
ചുറ്റുപാടുള്ളതൊക്കെ കരളുന്ന
മൂക്കു നീണ്ടൊരു കുഞ്ഞെലിക്കുട്ടിയെ
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?

Read more...

Sunday, May 15, 2011

വാച്ച്

ശിഷ്യന്റെ കാഴ്ചക്കുറവ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്തി അന്ധതയില്‍ നിന്നും മോചനം നേടിക്കൊടുത്തതിന് പാരിതോഷികമായി നല്‍കിയ വാച്ച് വാങ്ങാന്‍ മടിച്ചു നില്‍ക്കുന്ന ഗുരുവിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്ത.
കവിത
ഒരു വാച്ചിലെന്തിരുക്കുന്നു
ചോദിച്ചൂ ചിലരെന്നോട്
സൂചിയം അക്കവും ചേര്‍ന്നാല്‍
വാച്ചെന്നായി ചിലര്‍
ഡയലും സ്വര്‍ണക്കവറും
കറങ്ങും യന്ത്രവും സ്പ്രിങ്ങും
ഒക്കെച്ചേര്‍ന്നാലേ
വാച്ചാകൂയെന്നായി ചിലര്‍
ഇവനെക്കുറിച്ചെന്തിത്ര
കേമം പറയാനെന്നും ചിലര്‍
പറയാനില്ലെന്നോ!
പറഞ്ഞാല്‍ തീരില്ലെന്നായി ഞാനും
ഭൂമിതന്‍ കറക്കം സെക്കന്റു കുറഞ്ഞെന്നും
കീഴ് മേല്‍ മറിയും കാറിന്റെ വേഗം കൂടിയെന്നും
പൊക്രാനില്‍ പൊട്ടിച്ചീ നാടിനെ
പീക്കിരി പോക്കിരിയാക്കിയ ബോംബും
ജപ്പാനെ ജയിക്കാനായി
നരനെച്ചാരക്കൂമ്പാരമാക്കിയ നേരവും
കൃത്യമായ്ക്കാട്ടീടുക ഇവനെന്നറിയുക.
സൂര്യനസ്തമിക്കാത്തൊരാ സാമ്രാജ്യത്തെ
സാത്തിക ഭാവത്താലെ നേരിട്ടതും
തമ്മില്‍ക്കുത്തിക്കീറും ഹിന്ദു-മുസ്ലീങ്ങളെ
ചേര്‍ത്തൊരു ചരടില്‍ക്കോര്‍ത്തു സമന്വയിപ്പിച്ചതും
ആരുടെ വാക്കാല്‍, നാക്കാലെന്നാലവരുടെ
അരയില്‍ത്തൂങ്ങിക്കിടപ്പതുമീക്കൊച്ചു വാച്ചത്രെ!
കുഞ്ഞിന്റെ കാഴ്ചക്കെന്തോ കുറവുണ്ടെന്ന്
കമ്പ്യൂട്ടര്‍ക്കണ്ണാലെ കണ്ടതും
കയ്യോടെ ഡോക്ടറെക്കാട്ടി
കണ്ണട വെപ്പിച്ചതും
ഇരുള്‍ പരന്നീടുമാ കണ്‍കളില്‍ തൂ-
വെളിച്ചം വീശീടാനും
കാരണമായൊരെന്‍ ടീച്ചര്‍ക്ക്
സമ്മാനിച്ചതും
നേരം കാട്ടീടുമിക്കൊച്ചു വാച്ചത്രെ!

Read more...

Wednesday, May 11, 2011

സൂര്യഗ്രഹണം

എവിടെയാണെവിടെയാണെന്റെ സൂര്യന്‍
അലകടല്‍ തന്നില്‍ തകര്‍ന്നുവീണോ
ഒരു കൊടുങ്കാറ്റില്‍ പറന്നുപോയോ
എവിടെയാണെവിടെയാണെന്റെ സൂര്യന്‍
ഒരു തിങ്കള്‍ വന്നു മറച്ചിതെന്ന്
നരലോകമൊക്കെയും പാടിടുന്നു
അറിയാത്തതൊന്നും കഥിച്ചിടല്ലേ
പൊളിയാം വചനങ്ങളോതിടല്ലേ
സൌരയൂഥത്തിന്റെ സര്‍വ്വശക്തി
തിങ്കളിന്‍ മുന്നില്‍ നമിപ്പതെന്നോ?
കൃഷ്ണചക്രത്താല്‍ മറച്ചിതെങ്കില്‍
വ്യാളിവായ്ക്കുള്ളിലകപ്പെട്ടിതെങ്കില്‍
കത്തുന്ന കാമക്കൊതിയകറ്റാന്‍
കുന്തിക്കു കാന്തനായ് വന്നുവെങ്കില്‍
കുള്ളനാം വാമനതന്‍ കെണിയില്‍
തമ്പുരാന്‍ മാവേലി വീണുവെങ്കില്‍
കൊച്ചു ക്യൂബതന്‍ മനക്കരുത്തില്‍
വമ്പനമേരിക്കക്കടി പതറിയെങ്കില്‍
സൂര്യനസ്തമിക്കാത്തൊരാ സാമ്രാജ്യ നായകന്‍
ബ്രിട്ടനെ നമ്മള്‍ തുരത്തിയെങ്കില്‍
മിന്നാമിനുങ്ങിനെയെന്ന പോലെ
കുമ്പിളിലമ്പിളി മൂടിവെച്ചു.

Read more...

Tuesday, May 3, 2011

കാഴ്ച ബംഗ്ലാവിലെ കുരങ്ങന്‍

('മുത്തങ്ങ' സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയത്)

കവിത
മാമരക്കൊമ്പിലന്നൂഞ്ഞാലിലാടുവാന്‍
മാരനുമൊത്തു ഞാന്‍ പോയ നേരം
ആമരമീമരം ചാടിക്കളിച്ചുകൊണ്ട്
ആനന്ദസാഗരമാടിടുമ്പോള്‍
അകലെ നിന്നാരവം കേട്ടു കേട്ടമ്പര-
ന്നന്തിച്ചു നിന്നാനന്നേരമപ്പോള്‍
വാലറ്റു പോയതാം വേലക്കാര്‍ വന്നിട്ട്
വലയെറിഞ്ഞെന്നെ വലയിലാക്കി
എവിടേക്ക് പോകുന്നു ഞാനന്ന് ചോദിച്ചു
വാല്‍ മുറിച്ചിടാനോ *വാറ്റിടാനോ
തവളയെക്കീറി മുറിച്ചിട്ട് കീര്‍ത്തിക്കായ്
തത്വശാസ്ത്രങ്ങള്‍ രചിച്ചപോലെ
ക്ലോണിംഗ് ചെയ്തിട്ട് നൂറുനൂറായിരം
കാട്ടുകുരങ്ങനെ തീര്‍ത്തിടാനോ
അല്ല! ഞാനെത്തിയതിവിടെയോ? എന്തിന്?
തടവറ തന്നില്‍ തളച്ചിടാനായ്
സഹജീവിയൊന്നിനെപ്പോലുമേ കൊന്നില്ല
അവനുടെ സമ്പത്തെടുത്തുമില്ല
പള്ളി പൊളിക്കുവാന്‍ പോയില്ല ഞാനെങ്ങും
വെള്ളമടിച്ചു നടന്നുമില്ല
മാറാടു പോയില്ല മാരണം ചെയ്തില്ല
മാറിലെക്കച്ചയഴിച്ചുമില്ല
ജടയാല്‍ മറഞ്ഞൊരു നെറ്റിയില്‍ കുങ്കുമ-
ജാടയാല്‍ വേഷം ധരിച്ചുമില്ല.
ആലംബമില്ലാത്തൊരാദിവാസിക്കെന്നും
ആശ്രയമായി ഞാന്‍ വാണ കാലം
വാലറ്റ വേലക്കാര്‍ വന്നു വെടിവെച്ച്
അവരിലാരാളെ വധിച്ച നേരം
ആര്‍ഷഭാരതത്തിന്‍റെ 'അവ്വ'യെ ക്രൂരമായ്
ആര്‍ത്തിയില്‍ പിച്ചി തകര്‍ത്ത നേരം
കയ്യിലെക്കായകൊണ്ടീ ഞാന്‍ തുരുതുരെ
കയ്യേറ്റക്കാരെ എതിര്‍ത്തുമാത്രം
അതിനാലേ ഞാനിന്നു തടവറ പൂകേണ്ടി-
വന്നതാണല്പവും സ്തോഭമില്ല
അതിനാലെ ഞാനിന്ന് വാനര വംശത്തെ
കാഴ്ചബംഗ്ലാവിലെ ദിവ്യരാക്കി
അതിനാലെ ഞാനിന്ന് വാനരവംശത്തെ
നരജാതി വംശത്തിന്‍ മേലെയാക്കി.
---------------------------------------
* കരിങ്കുരങ്ങ് രസായനം

Read more...
ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP